Denmark Chronicles: Part-6. അങ്ങനെ ഞാനും ബെസ്റ്റോഡ് ആയി !!

ങേ?? ബെസ്റ്റോഡോ?? അതെ, ഇത് ഒരു നാടൻ പ്രയോഗം അല്ല, foreign ആണ്; കൃത്യമായി പറഞ്ഞാൽ Danish!

“എന്തായാലും നനഞ്ഞു എങ്കിൽ ഇനി കുളിച്ചു കയറാം” എന്ന രീതിയിലായി എൻ്റെ ഡാനിഷ് പഠനം. High Level Danish in fast track (PD3 course) ൽ ഒരു മൂച്ചിന് അങ്ങ് ചെന്നുചേർന്നു. [ Read More @: Denmark Chronicles Part 1 – Danish വിദ്യാരംഭം.]

തുടക്കത്തിൽ എല്ലാം അടിപൊളി! ക്ലാസ്സ്, ഇന്റർനാഷണൽ കൂട്ടുകെട്ട്, ഡാനിഷ് ടീച്ചർ എല്ലാം ഗംഭീരം. പിന്നീടങ്ങോട്ട് വെച്ചടി വെച്ചടി grade കൂടി കൂടി വന്നു. ആഴ്ചയിൽ രണ്ട് ദിവസം മാത്രം ക്ലാസ്സ് ഉള്ളതിനാൽ homework ഉം കൊട്ടപ്പടി കിട്ടിത്തുടങ്ങി. ഒരു ഭാഷ ഒരു വിധത്തിൽ ഒന്ന് പഠിപ്പിച്ചു തീർക്കണമല്ലോ!!

PD3 മൊത്തം 5 modules. ഓരോ module നും ഏകദേശം 3 – 4 months duration. എല്ലാ module കഴിയുമ്പോഴും exam. Pass ആയാൽ വേണമെങ്കിൽ അടുത്തതിലോട്ട്. ഇല്ലെങ്കിൽ ആ module വീണ്ടും repeat ചെയ്യാം. ഒരു module exam കഴിഞ് ഒരു break എടുത്തിട്ട് പിന്നീട് continue ചെയ്യാനും അവസരം. ഇതെല്ലാമാണ് government വക arrangements. ആദ്യത്തെ അഞ്ച് വർഷത്തിനുള്ളിൽ ഒരു specific time duration ൽ പഠിത്തം പൂർത്തിയാക്കിയാൽ പഠനചിലവും സർക്കാർ വക. ഈ ആനുകൂല്യം പലരും misuse ചെയ്തതിനാൽ, refundable initial deposit ആയി 2000 kr പ്രാബല്യത്തിൽ വന്നു. Module pass ആകുമ്പോൾ പണം തിരികെ.

കുറച്ചുകൂടി slow pace ൽ പഠിപ്പിക്കുന്ന PD2 ആകട്ടെ മൊത്തം ആറ് modules. Language content ഉം സ്വല്പം മയപ്പെടുത്തി ആണ്. Pronunciation ൽ സ്വല്പം കൂടുതൽ ശ്രദ്ധയും. PD3 & PD2 course ന്, in effect ഒരു degree – diploma വേർതിരിവ്. ഒന്നിൽ theory in focus, മറ്റൊന്നിൽ practical.

എല്ലാദിവസവും ക്ലാസ്സ് ഇല്ലാത്തതിനാലും, കുഞ്ഞുകുട്ടി പ്രാരാബ്ദങ്ങൾ ഉള്ളതിനാലും, homework എന്ന സംഗതിയൊക്കെ മിക്കവാറും അങ്ങ് വിട്ടു പോകും. ക്ലാസ്സ് ൻ്റെ തലേദിവസം രാത്രിയാകുമ്പോൾ – കൃത്യമായി പറഞ്ഞാൽ, രാത്രി ഒരു 9 മണിയോട് അടുക്കുമ്പോൾ – പെട്ടെന്ന് മനസ്സിൽ ആ homework alarm മുഴങ്ങും. പിന്നീടങ്ങോട്ട്.. പിള്ളേരെ ചാടിച്ചു കട്ടിലിൽ കയറ്റൽ… book എടുക്കൽ… laptop തുറക്കൽ… google translate പ്രയോഗം… എന്നീ കലാപരിപാടികൾ അരങ്ങ് തകർക്കും. ഹോംവർക്ക് ചെയ്യാതെ ക്ലാസ്സിൽ ചെന്നാൽ ഉണ്ടാവുന്ന ചമ്മൽ scene ഒഴിവാക്കാൻ അനിവാര്യമായ ഓരോരോ കലാരൂപങ്ങൾ!! അല്ലാതെന്ത്!!

പടിപടിയായി module കൾ കേറി കേറി വന്നപ്പോൾ, home work ൻ്റെ complexity & duration കൂടി കൂടി വന്നു. അവസാനത്തെ module ആയപ്പോഴേക്കും topics ആയി വന്നത് Environmental Protection, Sustainability, Politics എന്നതൊക്കെ!! അപ്പോഴേക്കും, ഇനി ഇത് എങ്ങനെയെങ്കിലും ഒന്ന് തീർന്നു കിട്ടിയാൽ മതി എന്നും ആയി.

Final പരീക്ഷ മൂന്ന് part ആയിട്ടാണ്. Reading & writing ആദ്യം, പിന്നീട് speaking ഉം. ഓരോന്നിനും score [ – 3, 0, 2, 4,7,10, 12 ] എന്നിവയിൽ ഏതെങ്കിലും. Speaking എന്നത് listening + speaking ആയതിനാൽ അതിൻ്റെ score double ആക്കും. എല്ലാത്തിനും കൂടെ ഒരു average രണ്ട് mark കിട്ടിയാൽ പരീക്ഷ pass! സ്വൽപ്പം നന്നായി danish സംസാരിക്കാൻ അറിയാവുന്നവർക്ക് pass ആകൽ കുറച്ചു കൂടെ എളുപ്പം. ഒരു നാല് mark ഒപ്പിച്ചാൽ നാല് എട്ടാകും, പരീക്ഷ പാസ്സാകം. Simple! പക്ഷേ സംസാരിക്കാൻ അറിയണമല്ലോ – അതാണ് weak point ഉം.

അതിനാൽ class ലെ ഏക indian friend നേയും കൂട്ടുപിടിച്ച്, danish whatsapp call കൾ നടത്തി ഞങ്ങൾ പരിശ്രമങ്ങൾ തുടർന്നു. 2 or 4 ഒപ്പിക്കണം എന്ന് കരുതി speaking evaluation ന് പോയ രണ്ടു സുഹൃത്തുക്കൾക്കും കിട്ടി ഒരു 7. മനസ്സിൽ ലഡു പൊട്ടി!! ഞങ്ങൾ ‘ബെസ്റ്റോസ്’ ആയി!!! ചുരുക്കി പറഞ്ഞാൽ, pass ആയി എന്നർത്ഥം. ഏകദേശം രണ്ട് വർഷത്തോളമുള്ള danish പഠനം വെരുതേ ആയില്ല. certificate ഉം കിട്ടി!!

Certificate കയ്യിൽ കിട്ടിയതോടെ സംഗതി എല്ലാം തകിടം മറിഞ്ഞു. പരിശ്രമം ഇല്ല, പ്രയോഗം ഇല്ല… ഒരു മാസത്തിനുള്ളിൽ തന്നെ എല്ലാം മറന്ന മട്ടായി. കാറ്റഴിച്ചു വിട്ട balloon പോലെയുള്ള ഒരു അവസ്ഥ.

അങ്ങനെയിരിക്കേ ഒരിക്കൽ അയൽവക്കത്തെ കുട്ടികൾ എല്ലാം കൂട്ടം കൂടി നിന്ന് കളിക്കുന്നു. കണ്ടപ്പോൾ ഒരു കൗതുകം. വെറുതേ അവർ കളിക്കുന്നതും നോക്കി കുറച്ചു നേരം അവരോടൊപ്പം ചിലവഴിച്ചു. Indian കുട്ടികളും, അവരുടെ കൂടെ മൂന്ന് danish കുട്ടികളും. Twins ആയ danish കുട്ടികൾക്ക് english ഉം danish ഉം നന്നായി അറിയാം. അതിനാൽ തന്നെ എല്ലാവരും english ൽ ആണ് സംസാരം. കൂട്ടത്തിൽ ഉള്ള ഒരു കൊച്ചു danish പെൺകുട്ടിക്ക് മാത്രമാണ് english അന്യം.

Remote കാറുമായി കളിച്ച് കൊണ്ടിരുന്ന ആ പെൺകുട്ടിയെ assist ചെയ്യാൻ ഞാൻ കളത്തിലിറങ്ങി. After all… എൻ്റെ കയ്യിൽ certificate ഉണ്ടല്ലോ! (‘Mere paaas maa hai…’ എന്ന് പണ്ട് amitabh bachchan ജി പറഞ്ഞതു പോലെ..) Danish രാഗത്തിൽ അങ്ങ് പാടി രണ്ടു തില്ലാനാ. But പ്രത്യക്ഷത്തിൽ അത് dan-glish ആയി പോയി എന്ന് മാത്രം! കണ്ണും മിഴിച്ച് എന്നെ നോക്കി നിന്ന ആ പെൺകുട്ടിയെ കണ്ടപ്പോൾ, ഇതൊക്കെ കേട്ട് ഞങ്ങളുടെ അടുത്ത് നിന്ന ഇരട്ടക്കുട്ടികളിൽ ഒരുത്തൻ ഞാൻ പറയുന്നത് വീണ്ടും danish ൽ translate ചെയ്ത് കൊടുത്തു. A danish to danish translation!! അപ്പോൾ പെൺകുട്ടിക്ക് സംഗതി പിടി കിട്ടി. 😆🤭

ഇത്തരം ചില അനുഭവങ്ങളുടെ വെളിച്ചത്തിൽ, danish പ്രയോഗങ്ങൾ വീണ്ടും കുറഞ്ഞു. അതിനാൽ തന്നെ എൻ്റെ danish collegues ൻ്റെ അടുത്ത് danish അറിയുകയേയില്ല എന്ന മട്ടിൽ ഞാൻ english ൽ മാത്രം സംസാരം തുടർന്നു. എങ്കിലും ഏതോ ഒരു ദുർബല നിമിഷത്തിൽ, language പ്രലോഭനത്തിൽ വീണ്, ഞാൻ അവരോടും danish രാഗത്തിൽ പാടി മറ്റൊരു തില്ലാന. അവരൊന്ന് ഞെട്ടി! ഇത് കൊള്ളാമല്ലോ- ‘You speak good danish’ എന്നു പോലും!! 🙄🤥

Confusion… confusion… ആകെ മൊത്തം കൺഫ്യൂഷൻ.🤔 അപ്പോൾ പിന്നെ… പഴയ ആ തില്ലാന?? Hmm… ചിലപ്പോൾ അന്ന് ശ്രുതി ഒന്ന് തെറ്റിയത് ആയിരിക്കും….. Danish… high level… കൊച്ചുകുട്ടികൾ!! Poor kids – എങ്ങനെ പിടി കിട്ടാനാ.😝 After all danish is Not പിള്ളേരുകളി. ഹല്ല പിന്നെ!! 🤪

Neetha (20-Nov-2022)

Denmark Chronicles – Part 5 ( ഒരു Repairing Episode)

Denmark ലെ കൊച്ചു കുട്ടികളുടെ regular class കൾ lockdown ന് ശേഷം വളരെ പെട്ടന്ന് തന്നെ February 2021 ൽ പുനരാരംഭിച്ചു. ഒപ്പം തന്നെ ഞങ്ങളുടെ സൈക്കിൾ സവാരിയും, സൈക്കിൾ escort ഉം. Cycling എന്നത് ഒരു നിത്യത്തൊഴിൽ അഭ്യാസമായി തുടരുന്നതിനാൽ വളരെ പെട്ടെന്ന് തന്നെ കുട്ടികൾ അതിൽ expert ആയി. പലപ്പോഴും അവരാണ് അമ്മയെ lead ചെയ്യുന്നതും! Signal കൾ പോലും സ്വയം cross ചെയ്തു കഴിഞ്ഞ് അമ്മയുടെ വരവിനായി കാത്തിരിക്കുന്ന രണ്ടും മൂന്നും ക്ലാസുകാരൻമാർ! എങ്കിലും അമ്മ കൂടെയുണ്ടെങ്കിലേ കുട്ടികൾ കൺമുന്നിലുള്ളവ പോലും കാണൂ; അമ്മയുടെ running commentry കേൾക്കുന്നതിനാലാണ് അവർ ശെരിയായ ദിശയിൽ പോകുന്നത്, എന്നൊക്കെ അമ്മയും വെറുതേ അങ്ങ് വിശ്വസിച്ചു! (പൊതുവേ horn അടിയൊന്നും ഇല്ലാത്ത ഒരു രാജ്യത്ത് ഒരു noise pollution മാത്രമായി ആ commentry കണക്കാക്കപ്പെട്ടു. എങ്കിലും, വിശ്വാസം, അതല്ലേ എല്ലാം!! )

ഒരിക്കൾ സ്കൂളിലോട്ടുള്ള escort ൽ, signal cross ചെയ്യുവാൻ നിൽക്കവേ, അമ്മയോടായി ഇളയ പുത്രൻ പറഞ്ഞു – “Amma, do you hear that Zzzz…. sound?” Main road ൻ്റെ traffic signal ൽ മാത്രം focus ചെയ്തിരുന്ന അമ്മ മകനേ ശകാരിച്ചു – “നീ അതും ഇതും കേട്ടും, നോക്കിയും നിൽക്കാതെ signal ശ്രദ്ധിക്കൂ.” Signal green ആയി; ഞങ്ങൾ road cross ചെയ്തു. പതിവുപോലെ കുട്ടികൾ മുന്നിൽ smart ആയി അങ്ങ് പോയി; പുറകേ മെല്ലെ അമ്മയും. വളരെ പെട്ടന്ന് അമ്മയ്ക്ക് വല്ലാത്തൊരു ക്ഷീണം. “ഇതെന്ത് പാടാണ്, ഈ cycle ഒന്ന് ചവിടാൻ…. നല്ല കാലാവസ്ഥ ആണല്ലോ… വല്യ കാറ്റൊന്നും ഇല്ലല്ലോ … രാവിലത്തെ ധൃതിയിൽ വെറും ചായ മാത്രം കുടിച്ചിട്ട് ഇറങ്ങിയാൽ പോരാ… നാളെ മുതൽ ഞാനും എന്തേലും കഴിച്ചിട്ടേ ഇറങ്ങൂ…” മിന്നൽ വേഗത്തിൽ പല പല ചിന്തകൾ. പെട്ടന്ന് വളരെയധികം ക്ഷീണം – സൈക്കിളിൽ നിന്നും താഴെയിറങ്ങി; നോക്കിയപ്പോൾ അതാ ‘tyre flat’ !! അത് ശെരി, അപ്പോൾ ഇതായിരുന്നല്ലേ ആ zz.. sound ഉം ക്ഷീണത്തിൻ്റെ കാരണവും! ഉടനേ അപ്പയെ വിളിച്ചു വരുത്തി escort ഏൽപ്പിച്ചു; അമ്മ വീട്ടിലോട്ടു തിരിച്ചു, പിന്നീട് cycle repairing shop ലോട്ടും.

ഇടയ്ക്കിടയ്ക്ക് ഇങ്ങനെയുള്ള repair shop visit പോലും, ഇവിടെ (Denmark ൽ ) സ്വൽപ്പം ചിലവേറിയ കാര്യമാണ്. അതിനാൽ തന്നെ ഇവിടെയുള്ള ഒട്ടുമിക്കവരും സ്വന്തമായി എല്ലാ tools ഉം വാങ്ങി, അവയെല്ലാം സ്വയം fix ചെയ്യുന്നു. മൂന്നു നാലു തവണ repair shop ൽ കയറിയിറങ്ങിയപ്പോൾ ഞങ്ങൾക്കും ആ കാര്യം ശെരിക്കും ബോധ്യപ്പെട്ടു. അയൽവാസിയായ Indian neighbour ൻ്റെ അനുഭവം ആ ബോധ്യത്തെ കൂടുതൽ ഊട്ടി ഉറപ്പിച്ചു. Denmark ൽ വന്നതിനു ശേഷം, ചുരുങ്ങിയ ചിലവിൽ cycling പഠിക്കാനായി അവർ ഒരു second-hand സൈക്കിൾ വാങ്ങി – വില 400 Kroner. വാങ്ങിയ ഉടനേ, അതിൻ്റെ gear ശെരിയല്ല എന്ന് മനസ്സിലാക്കിയ അവർ repair shop ൽ ഏൽപ്പിച്ചു. പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച് gear മാറ്റിയ ശേഷം cycle കയ്യിൽ കിട്ടി; കൂടെ ഒരു bill ഉം – charge വെറും 400 kroner. ഞെട്ടലോടെ bill pay ചെയ്തു ഇറങ്ങവേ, അവരും അറിയാതെ മോഹിച്ചു – ഒരു പുതിയ സൈക്കിൾ തന്നെയങ്ങ് വാങ്ങിയിരുന്നെങ്കിൽ! മറ്റൊരു customer ആവട്ടെ, തൻ്റെ സൈക്കിൾ wheel ൻ്റെ പ്രശ്നം പരിഹരിക്കാൻ ഏൽപ്പിച്ചപ്പോൾ, വളരെ colloquial ആയി പറഞ്ഞു – “ആ രണ്ടു break ഉം കൂടെ ഒന്ന് മാറ്റിക്കോളൂ”. ഒറ്റ പണിക്കൂലിയിൽ എല്ലാം നടക്കുമല്ലോ! പണി എല്ലാം കഴിഞ്ഞപ്പോഴാണ്, പണി കിട്ടിയത് പിടികിട്ടിയത്. Detailed bill കയ്യിൽ കിട്ടി. Material costs + പണിക്കൂലി No.1 – for tyre fixing + പണിക്കൂലി No. 2 – for front break fixing + പണിക്കൂലി No.3 – for back break fixing !! ഓരോന്നും fix ചെയ്യാൻ എടുത്ത സമയവും (approx. 15 minutes) വളരെ കൃത്യമായി എഴുതിയിരിക്കുന്നു – എല്ലാം സുതാര്യം – അതാണല്ലോ അതിൻ്റെ ഒരു ഇത് !!

Repairing ൻ്റെ ABC അറിയാത്ത ഞങ്ങളും രംഗത്തിറങ്ങി. Repairing, fixing – Appa, Motivation, support – Amma, Assistance, അലമ്പൽ – കുട്ടികൾ. Scene കളറായി !! ഒന്നു രണ്ടു repairing നു ശേഷം കടക്കാർക്ക് ഒരു customer നേയും നഷ്ടമായി. അങ്ങനെയുള്ള ഒരു repairing വേളയിൽ ഒരു പുതിയ cycle tube വാങ്ങുവാവായി അപ്പ, അമ്മയെ തൊട്ടടുത്തുള്ള repairing shop ലോട്ട് പറഞ്ഞയച്ചു. വാങ്ങി വന്ന പുതിയ ട്യൂബിൽ hand pump കൊണ്ട് കാറ്റടിച്ചിട് ഒരു അനക്കവുമില്ല. എന്താണാവോ? വീണ്ടും അതുമായി കടയിലോട്ട്. കടയുടെ മുന്നിലുള്ള free air pump വച്ച് കാറ്റടിക്കുക എന്നതായിരുന്നു ലക്ഷ്യം. അവിടെ എത്തിയപ്പോൾ അതാ കടക്കാരൻ കൺമുന്നിൽ തന്നെ. എങ്കിൽ ഒന്നു ചോദിച്ചേക്കാം; പുതുപുത്തൻ ട്യൂബ് അല്ലേ. കേട്ടയുടനേ – “Is it? Let me check ” എന്ന് പറഞ്ഞു പുള്ളി ഏറ്റെടുത്തും tube ൽ കാറ്റ് കേറി,എല്ലാം ok ആയി. ചെറുതായൊന്ന് ചമ്മി. “Maybe it’s an issue with my hand pump. Anyway, Thank you!” എന്തായാലും ഇത്രയെത്തി. എങ്കിൽ ഇനി ശെരിക്കും ഫുൾ ആയി കാറ്റടിച്ചേക്കാം. ഇനി വീടിലെത്തി hand pump കൊണ്ട് അടിക്കേണ്ടല്ലോ? Air pump ആവുമ്പോൾ ടിഷ്യൂ … ടിഷ്യൂ … എന്ന് രണ്ടടി കൊടുത്താൽ എല്ലാം ok. കടക്കാരൻ മറ്റൊരു customer ൻ്റെ അടുത്തോട്ടു പോകവേ air pump in action! പെട്ടെന്ന് എന്നോ പറയാനായി അടുത്ത് വന്ന കടക്കാരനെ ശ്രദ്ധിക്കാൻ തുടങ്ങവേ ….”ട്ടോ!! “!! ഞെട്ടിത്തരിച്ച് നോക്കിയപ്പോൾ കയ്യിലെ tube പൊട്ടിത്തെറിച്ച് piece- piece ആയി ഇരിക്കുന്നു!! കടക്കാരനെ ഒന്ന് നോക്കി. “I was about to tell you that it is enough” എന്നു പോലും. അന്താളിപ്പ്…വീണ്ടും അന്താളിപ്പ് .. “ok ” എന്ന് ഒരു മറുപടിയും. മുന്നിൽ നിൽക്കുന്ന ആളിൻ്റെ അന്താളിപ്പും, ചമ്മലും, മൗനവുമെല്ലാം കണ്ട് കടക്കാരൻ വീണ്ടും – “Are you ok?” പൊടുന്നനേ സ്വബോധം വീണ്ടെടുത്ത്, ”ya… ya.. ok” എന്ന് പറഞ്ഞു കടയുടെ മുന്നിൽ നിന്ന് സ്വൽപ്പം മാറി നിന്ന് അപ്പയെ phone ൽ വിളിച്ചു കാര്യം അവതരിപ്പിച്ചു. ചമ്മലകറ്റി, പൊട്ടിച്ചിരിച്ചു! Tyre ൻ്റെ ഉള്ളിലെ tube ൽ കാറ്റടിക്കും പോലെയല്ല, tyre ഇല്ലാതെ tube ൽ കാറ്റടിക്കുമ്പോൾ എന്ന practical ജ്ഞാനം ഇനി സ്വന്തം. Theory ഒക്കേ പണ്ടേ അറിയാമെങ്കിലും, practical നോളം വരുമോ? ആ പുതിയ തിരിച്ചറിവോടെ, ഉടനേ വീണ്ടും കടയിൽ കയറി മറ്റൊരു പുതിയ tube ഉം വാങ്ങി, വീട്ടിനുള്ളിലെ മറ്റൊരു repairing episode നായി മുന്നോട്ട് !! മുന്നോട്ട് … മുന്നോട്ട് … !! കഥ തുടരുന്നു…

– Neetha ( 25-May-2021)

Denmark Chronicles – Part 4. ( Technology കി കഹാനി! )

2021 ഏവർക്കും വീണ്ടും ‘back to normalcy ‘ പ്രതീക്ഷകൾ നൽകി കൊണ്ട് പിറന്നു വീണു. പോയ വർഷത്തിലെ ശാരീരിക, മാനസിക പ്രശ്നങ്ങൾക്കെല്ലാം പ്രതിവിധിയായി, പരിഹാരമായി പലവിധ ‘vaccine’ കൾ കണ്ടുപിടിക്കപ്പെട്ടു. ഏവരിലും പ്രതീക്ഷയുടെ പുതുനാമ്പുകൾ പൊട്ടി മുളച്ചു. എങ്കിലും എല്ലാം ഒന്ന് ശെരിക്കും normal ആവുന്നതിനായി ജാഗ്രതയും തുടർന്നു …

Denmarkലെ പുതുവർഷം remote learning ങ്ങോടു കൂടി ആഘോഷമായി ആരംഭിച്ചു. Christmas break ന് തൊട്ടുമുമ്പ് വരെ real school ൽ പോയ്ക്കൊണ്ടിരുന്ന അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്കും ഇനി മുതൽ online class കൾ തന്നെ. എല്ലാവർക്കും online class വീണ്ടും തുടങ്ങുന്നു എന്ന പ്രഖ്യാപനം ഇവിടുത്തെ lady Prime Minister,  press conference ലൂടെ ഏവരേയും അറിയിച്ചു. Vacation സമയങ്ങളിൽ, പ്രത്യേകിച്ച് ക്രിസ്മസ് വേളകളിൽ, ഇവിടെ ഉള്ളവരുടെ family gatherings, trips & tours എന്നിവയെല്ലാം കൂടിയിരിക്കുന്ന കൊറോണ count നെ വീണ്ടും കൂട്ടുമോ എന്ന ഭയമായിരിക്കാം ഈ ആഹ്വാനത്തിനു പിന്നിൽ.

ഏതായാലും വീണ്ടും മറ്റൊരു digital അങ്കത്തിന് ഞങ്ങൾ എല്ലാരും തയ്യാറെടുത്തു. വീട്ടിലുള്ളവരെല്ലാം തന്നെ പല പല device കളുമായി വീടിൻ്റെ ഒരോരോ മൂലകളിൽ സ്ഥാനം ഉറപ്പിച്ചു. ചില സമയങ്ങളിൽ office ജോലിയും, school പഠനവും, danish പഠനവുമെല്ലാം ഒരേ സമയത്ത് തകൃതിയായി വീടിനുള്ളിൽ നടനമാടി!

പൊതുവേ ഇവിടുത്തെ school ലെ പഠനരീതി സ്വല്പം വ്യത്യസ്തമാണ്. മുഴുവൻ സമയവും teacher online ആയി class എടുക്കുന്നതിന് പകരമായി, ഓരോ ദിവസവും അന്നന്ന് ചെയ്യേണ്ട assignments കുട്ടികൾക്ക് അയച്ചു കൊടുക്കും. കുട്ടികൾ അവയെല്ലാം വായിച്ചു (കേട്ട് ) മനസ്സിലാക്കി, response പിന്നീട് തിരിച്ചു അയച്ചു കൊടുക്കണം. ഇതാണ് പൊതുവേയുള്ള ഒരു സമീപനം. Assignments എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് കുട്ടികളെ പഠിപ്പിച്ചു കൊടുക്കാൻ teachers പലവിധ രീതികൾ സ്വീകരിച്ചു. ചിലർ, രാവിലെയുള്ള ഒരു attendance call ൽ എല്ലാം explain ചെയ്തു കൊടുക്കും. പിന്നീട് doubt ഉള്ളവർക്കായി ഒരു optional ‘ doubt clearing’ call. മറ്റു ചില teachers ആവട്ടെ, ഒരോ assignment ചെയ്യുന്നതിനായി കുറച്ചു സമയം മാറ്റി വയ്ക്കുകയും, അവ ഒരോന്നും തുടങ്ങുന്നതിന് മുമ്പായി ഒരു ‘how to do it ‘ explanation call വയ്ക്കുകയും ചെയ്തു. ഏതായാലും ഈ പുതിയ പഠനമുറയെ പല ടീച്ചേഴ്സ് പല രീതിയിൽ handle ചെയ്യുന്നത് കണ്ട് മനസ്സിലാക്കാനുള്ള ഒരു നല്ല അവസരവുമായി. ഏതൊക്കെ രീതി അവലംബിച്ചാലും ഏവരിലും ഒരു common focus ഉള്ളതായി feel ചെയ്തു. സാധിക്കുന്നിടത്തോളം, parents നെ ബുദ്ധിമുട്ടിക്കാതെ കുട്ടികളും ടീച്ചേഴ്സും മാത്രമായി നല്ല രീതിയിൽ ക്ലാസുകൾ മുന്നോട്ടു കൊണ്ടു പോകുക. വളരെ നല്ല ഒരു approach!! ഇതിൻ്റെ ഭാഗമായി ചില ദിവസങ്ങളിൽ assignments കുറച്ചു കൊടുക്കുകയും online live teaching session പ്രാബല്യത്തിൽ വരുകയും ചെയ്തു.

Assignment submit ചെയ്യുക എന്നത് ഏതെങ്കിലും ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തി അവ എഴുതിയോ photo എടുത്തോ അയച്ചു കൊടുക്കുക എന്നതിനുമൊക്കെ അപ്പുറത്താണ്. ചിലപ്പോൾ വീട്ടിനുള്ളിൽ നിന്ന് ഒരു പ്രത്യേക തരത്തിൽ ( /shape ൽ) ഉള്ളതായ സാധനങ്ങൾ കണ്ടു പിടിച്ച് ഫോട്ടോ എടുത്ത് അയക്കുക; അയച്ചു തന്നിരിക്കുന്ന youtube link ലെ exercise കൾ വീട്ടിലിരുന്ന് അതുപോലെ ചെയ്യുന്നതിൻ്റെ video എടുത്ത് അയക്കുക: വീട്ടിലുള്ള musical instrument സ്വയം play ചെയ്യുന്നതിൻ്റെ audio/ video അയക്കുക; വീട്ടിലെ മറ്റൊരു വ്യക്തിയെ മുറികൾക്കുള്ളിലൂടെ danish ൽ നിർദ്ദേശങ്ങൾ നൽകി direct ചെയ്യുന്നത് കാണിക്കുക; കുട്ടികളുടെ അപ്പോഴത്തെ emotion /feeling represent ചെയ്യുന്ന രീതിയിൽ എന്തെങ്കിലും അയച്ചു കൊടുക്കുക… എന്ന് തുടങ്ങി പല പല രീതിയിൽ ഉള്ളവയാണ് assignments. ( സ്കൂളിൽ IB curriculum  follow ചെയ്യുന്നത് കൊണ്ടാണോ എന്തോ??..). കാര്യം കുട്ടികൾക്കു തന്നെ ചെയ്യാവുന്ന രീതിയിലാണ് assignments ക്രമീകരിച്ചിരിക്കുന്നത് എങ്കിലും, അവർ എന്താണാവോ അയച്ചു കൊടുക്കുന്നത് എന്ന ഒരു ആധി ഒട്ടുമിക്ക മാതാപിതാക്കൾക്കും ഉണ്ട്. അതിനാൽ തന്നെ live teaching session സമയങ്ങളിൽ ചെറുതല്ലാത്ത ഒരു ആശ്വാസവും. Control ചെയ്യാൻ teacher ഉണ്ടല്ലോ!

അങ്ങനെയുള്ള ഒരു class നു ശേഷം ഇളയ പുത്രൻ, ഈ അടുത്തായി തൻ്റെ പ്രിയപ്പെട്ടതായി മാറിയ soft toy ആയ  ‘sheepy’ യെയും കൊണ്ട് photo എടുക്കാനായി തയ്യാറെടുക്കുന്നു. കൊച്ചിൻ്റെ ഈ നീക്കം കണ്ട് പറന്നെത്തിയ അമ്മ, “class കഴിഞ്ഞോടാ? എന്തിനാ ഇതിൻ്റെയൊക്കെ photo എടുക്കുന്നത്?” എന്നൊക്കെ ചോദിച്ച് ഫോമിൽ ആയി. “My teacher told me to send a picture of a technology ” എന്ന് ഉത്തരം. പിന്നീട് ചോദിച്ചറിഞ്ഞപ്പോൾ അമ്മയ്ക്ക് കാര്യം വ്യക്തമായി. അന്നത്തെ ക്ലാസിലെ topic ‘Technology’ ആയിരുന്നു. Technology യുടെ past, present & future ഒക്കെ ആയിരുന്നു രണ്ടാം ക്ലാസിലെ ചർച്ചാ വിഷയം. സംഗതിയുടെ context പിടികിട്ടിയ അമ്മ, “ഇതാണോ technology? ഇത് മാറ്റി, വല്ല electronic item ൻ്റെ പടം എടുത്ത് അയച്ചു കൊടുക്കൂ..” എന്ന് കല്പ്പിച്ചു. മുപടിയായി “My teacher said this is ok ” എന്ന് കൊച്ചും. ഒടുവിൽ സമ്മർദ്ദത്തിന് വഴങ്ങി പെട്ടന്ന് കണ്ണിൽ പെട്ട mobile charger എടുത്ത് photo എടുക്കാൻ തുടങ്ങവേ അതാ എത്തി അപ്പ. Office ജോലികൾക്ക് ഇടയിൽ ഒരു ചെറിയ break എടുക്കാൻ എത്തിയ അപ്പയും കാര്യം അന്വേഷിച്ചു. കേട്ടയുടനേ “ങേ… ഈ charger ആണോ technology യുടെ example? കുറഞ്ഞത് ഒരു mobile phone ൻ്റെ പടം എങ്കിലും എടുത്ത് അയയ്ക്കൂ.. ” എന്ന ആഹ്വാനവും. കളത്തിൽ ഇറങ്ങി, വീട്ടിനുള്ളിലെ  CA യും MCA യും!! സ്വസ്തമായി technology capture ചെയ്യാനെത്തിയ രണ്ടാം ക്ലാസുകാരൻ അങ്കലാപ്പിലുമായി !! മനസ്സില്ലാ മനസ്സോടെ മറ്റൊരു item കണ്ടെത്താൻ ചെന്ന കൊച്ചിൻ്റെ കൺമുന്നിൽ തൻ്റെ പ്രിയപ്പെട്ട ‘Walkie Talkie ‘ രക്ഷകനായി എത്തി. അപ്പയും, അമ്മയും, കൊച്ചുമെല്ലാം അത് ഒരു നല്ല technology ഉദാഹരണം എന്ന് വിലയിരുത്തി; ഉടനേ പടം എടുത്ത് ടീച്ചറിന് അയച്ചു കൊടുത്തു. അന്നത്തെ assignment അങ്ങനേയങ്ങ് അവസാനിച്ചു. എങ്കിലും, മറ്റു കുട്ടികളൊക്കെ എന്താണാവോ അയച്ചു കൊടുത്തിരിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷ മൂത്ത്, പിറ്റേ ദിവസം അമ്മ കൊച്ചിൻ്റെ class app ൽ കയറി നോക്കി.  അതിശയിപ്പിക്കുന്ന, പല വിധത്തിലുള്ള technology ചിത്രങ്ങൾ കൺമുന്നിൽ പ്രത്യക്ഷപ്പെട്ടു. അതിൻ്റെ എല്ലാം അടിയിലായി, ടീച്ചറിൻ്റെ വക – “It is amazing! Indeed a nice piece of technology… ” എന്നൊക്കെയുള്ള നല്ല നല്ല comment കളും. ഇതെല്ലാം കണ്ട് കണ്ണ് തള്ളിയിരുന്ന അമ്മ ഉടനേ തന്നെ അപ്പയെ വിളിച്ച് അവയെല്ലാം കാണിച്ചു കൊടുത്തു. നമ്മുടെ ജോലികളിൽ നമ്മെ സഹായിക്കുന്ന, നമ്മുടെ ജീവിതം പല രീതിയിൽ സുഖകരം ആക്കുന്ന, നമ്മെ സന്തോഷിപ്പിക്കുവാൻ സാധിക്കുന്ന അനേകം technology കൾ. മറ്റു കുട്ടികൾ അയച്ചു കൊടുത്തിരിക്കുന്ന പലവിധ technology കളായ പെൻസിൽ, കത്രിക, കളിപ്പാട്ടങ്ങൾ, funnel, സ്പൂൺ തുടങ്ങിയവയെല്ലാം ഞങ്ങൾ കൺകുളിർക്കേ കണ്ടു തൃപ്തിയടഞ്ഞു!!  അവയെല്ലാം ഓരോരോ നല്ല technology ഉദാഹരണങ്ങൾ ആണെന്നും, technology എന്നാൽ electronic items മാത്രമല്ല എന്ന ആ വലിയ തിരിച്ചറിവും ഞങ്ങൾ കരസ്തമാക്കി. ഒരു ചമ്മിയ ചിരിയോടു കൂടി പരസ്പരം നോക്കിയ ‘വിവരമുള്ള’ മാതാപിതാക്കൾ തങ്ങളുടെ വിവരമില്ലായ്മയെയും കൊച്ചിൻ്റെ നിസ്സഹായ അവസ്ഥയെയും ഓർത്തു പരിതപിച്ചു. പണ്ടെങ്ങോ കേട്ടുമറന്ന അർത്ഥഗംഭീരമായ ഒരു ക്രിസ്തീയ ഭക്തിഗാനത്തിൻ്റെ വരികൾ അറിയാതെ ഓർത്തു പോയി. “…. ഇത്ര ചെറുതാവാൻ എത്ര വളരേണം… ഇത്ര സ്നേഹിക്കാൻ എന്തു വേണം…” !!!

Neetha (18-Mar-2021)

Denmark Chronicles – Part 3. (സന്തോഷം വരുന്ന ഒരു വഴിയേ…!!)

Nov 2019 ൽ അങ്ങു china യിൽ ഏതോ ഒരു രോഗം പടരുന്നു , ഇവിടേം അത് വരാം എന്നൊക്കെയുള്ള വിജ്ഞാനം മൂത്ത പുത്രൻ തൻ്റെ ‘social awareness and commitment ‘ കൂടുതൽ ഉള്ള സുഹൃത്തിൽ നിന്നും കേട്ടറിഞ്ഞു. ഒരു എട്ടു വയസ്സുകാരന് ആ ഒരു അറിവ് സ്വല്പം പേടി ഉണ്ടാക്കുന്നു എന്ന് തിരിച്ചറിഞ്ഞ അമ്മ, “അതൊക്കെ അങ്ങ് china യിൽ ആണ്; നീ അതൊന്നും ഓർത്ത് വേവലാതിപ്പെടേണ്ട” എന്ന് പറഞ്ഞ് ആശ്വസിപ്പിച്ചത് ഇന്നലെയെന്ന വണ്ണം ഓർക്കുന്നു… ഏതായാലും, 2020ൽ corona, covid, mask എന്നൊക്കെയുള്ളത് ലോകമൊട്ടാകെയുള്ള ഏവരുടേയും സംസാര വിഷയമായി; ഒരു International വീട്ടുവിശേഷം!!

കോവിഡിൻ്റെ ആവലാതിയും, അങ്കലാപ്പും, അസ്വസ്തയും എല്ലാം ഒരു വശത്ത്; മറുവശത്ത് സങ്കൽപ്പിക്കാവുന്നതിനും അപ്പുറമുള്ള ഒരോരോ മനപരിവർത്തനങ്ങൾ! ‘Work from home’ option പണ്ടേ ഉണ്ടായിരുന്നിട്ടും, “അതൊന്നും ശെരിയാവില്ല, office ൽ പോയാലേ പണി നടക്കൂ” എന്ന് പറഞ്ഞിരുന്ന ഭർത്താക്കൻമാർ ഒക്കെ ദാ സ്ഥിരമെന്നോണം വീട്ടിൽ ഇരുന്നു പണി എടുക്കുന്നു! വേണമെങ്കിൽ വീട്ടിൽ ഇരുന്നു പണി എടുക്കാനുള്ള option ഉണ്ടായിട്ടും അദ്ദേഹം അത് എടുക്കുന്നില്ല എന്ന് പരിതപിച്ച ഭാര്യമാരാവട്ടെ, ഇപ്പോൾ “ഓ… ഇതിയാൻ ഇപ്പോൾ എപ്പോഴും ഇവിടുള്ളത് കൊണ്ട് ഇരട്ടി പണിയാ… ഉടനേ എങ്ങാനും office ൽ പോകാൻ പറ്റിയാൽ മതിയായിരുന്നു..” എന്നു പരിഭവിക്കുന്നു!! കൊറോണ കൊണ്ടുവന്ന ഒരോരോ മാറ്റങ്ങളേ!

Party യും ഫ്രണ്ട്സും ഒക്കെയായി നടന്നിരുന്നവരൊക്കെ സ്വന്തം വീട്ടിൽ ഇരിക്കാൻ പഠിച്ചു. പക്ഷിമൃഗാദികളും തെല്ലൊന്ന് സന്തോഷിച്ചു. Lockdown കാലങ്ങളിൽ മനുഷ്യരേ പേടിക്കാതെ അവരും സ്വസ്തമായി വിഹരിച്ചു. Environmental and sound pollution കാര്യമായി കുറഞ്ഞു! ഒരു ഇത്തിരി കുഞ്ഞൻ virus നെ കൊണ്ട് ഇത്രയൊക്കെ സാധിച്ചു.

പണ്ട്, ഒന്ന് തുമ്മിയാൽ ഉടൻ ആശുപത്രിയിലോട്ട് വെച്ചടിച്ചിരുന്ന എല്ലാരും തന്നെ ഇപ്പോൾ ‘natural home remedies ‘ ലോട്ടു തിരിഞ്ഞു. നാടൻ വൈദ്യവും, നാട്ടുരീതികളും വീണ്ടും പ്രചാരത്തിലായി. ചുക്കുകാപ്പി, ആവി പിടുത്തം, മഞ്ഞൾ ഇട്ട പാൽ – എല്ലാം രംഗത്തിറങ്ങി.. എന്തിനും ഏതിനും super market ലോട്ട് ഓടിയവരെല്ലാം വീട്ടിൽ പച്ചക്കറി കൃഷി തുടങ്ങി. മണ്ണിൽ സ്വയം പണിതു വിളവെടുക്കുന്നതിൻ്റെ നിർവൃതി തിരിച്ചറിഞ്ഞു! ആരോഗ്യ പരിപാലനയുടെ വില അറിഞ്ഞു നമ്മൾ. ശുചിത്വം ശീലമാക്കി എല്ലാവരും. ദിവസവും ‘soap’ ഇട്ട് കഴുകി കൈകൾ – പലതവണ! പോരാത്തതിന് ഒരു sanitizer പ്രയോഗവും !!

കുടുബങ്ങൾ ഏറേ നേരം ഒന്നിച്ചിരിക്കാൻ തുടങ്ങി: അപ്പൻ്റേയും അമ്മയുടേയും ‘യഥാർത്ഥ’ ജോലികൾ അവർക്കു പരസ്പരം മനസ്സിലാവാൻ തുടങ്ങി. Laptop തുറന്ന് വയ്ക്കുന്നത് youtube videos & movies കാണുവാൻ മാത്രമല്ല എന്ന് കൊച്ചു കുട്ടികൾക്ക് വരേ ബോധ്യമായി. Online ക്ലാസിൽ voice record ചെയ്ത് ടീച്ചറിന് അയച്ചു കൊടുക്കേണ്ടതിനാൽ മറ്റുള്ളവർ ഇടയ്ക്കൊക്കെ silent ആയി ഇരിക്കേണ്ടതിൻ്റെ ആവശ്യകതയും പിടികിട്ടി. പിള്ളേരുടെ ആ തിരിച്ചറിവ് അപ്പയ്ക്കും ഒരു ആശ്വാസമായി. Office call ൻ്റെ ഇടയിൽ ‘മിണ്ടാതിരിക്കെടാ’ എന്ന repeat telecast ൻ്റെ frequency യും സ്വല്പം കുറഞ്ഞു.

Denmark ലെ corona first phase handle ചെയ്തത് വളരേ സംശയത്തോടും, അതിശയത്തോടും കൂടിയാണ് ഞങ്ങൾ നോക്കി കണ്ടത്. Europe ലെ മറ്റ് രാജ്യങ്ങളേ അപേക്ഷിച്ച് വളരേ നേരത്തേ തന്നെ ആദ്യത്തെ one month lockdown declare ചെയ്തു. പിന്നീട്, back to normalcy ഘട്ടം ഘട്ടമായി പോകുവാൻ തീരുമാനിക്കപ്പെട്ടു. മുതിർന്നവർ എല്ലാം ‘work from home’ program തുടരട്ടേ; കുട്ടികൾക്കായി school reopen ചെയ്യുന്നതായിരിക്കും. ആദ്യമായി, അഞ്ചാം ക്ലാസുവരെയുള്ള കൊച്ചു കുട്ടികൾ ‘real school’ ൽ പോയി തുടങ്ങണം; മുതിർന്ന കുട്ടികൾക്ക് online പഠനം തുടരേണ്ടതാണ് !! ഇതെന്ത് കഥ ?? ഇതെന്താ വെള്ളരിക്കാ പട്ടണമോ? കൊച്ചു കുട്ടികളേയല്ലേ കൂടുതൽ സൂക്ഷിക്കേണ്ടത്? അവരെ എങ്ങനെ പറഞ്ഞു മനസ്സിലാക്കാൻ സാധിക്കും?? – Parents, പ്രത്യേകിച്ച് Indian parents രോഷാകുലരായി! എങ്കിലും, school reopen ആയതിനു ശേഷം, ഒരാഴ്ച കൂടി wait ചെയ്തിട്ട് പലരും, നിർബന്ധത്തിന് വഴങ്ങി പിള്ളേരെ school ൽ വിട്ടു തുടങ്ങി!!

Denmark government ൻ്റെ വ്യത്യസ്തമായ തീരുമാനത്തിന് പിന്നിലുള്ള logic വളരേ simple ആയിരുന്നു. കൊച്ചു കുട്ടികൾ കളിച്ചു നടക്കുമ്പോൾ അവരുടെ immunity കൂടും; കൂട്ടുകാരുമൊത്ത് ക്ലാസിൽ ചിലവഴിക്കുമ്പോൾ screen time കുറയും. കളിച്ചു ചിരിച്ച്, അവരും happy… കൊച്ചു കുട്ടികൾ വീട്ടിലിരുന്ന് ശല്യപ്പെടുത്താൻ ഇല്ലാത്തതിനാൽ parents നും പണി നടക്കും; അങ്ങനെ അവരും happy!! ‘Small kids are less prone to corona…’ എന്ന രീതിയിലുള്ള അന്നത്തെ ഒരു statistical theory യും ഉണ്ടായിരുന്നു ആ തീരുമാനത്തിനു പിന്നിൽ.

പതിയേ പതിയേ, office കളും reopen ആയി തുടങ്ങി. കാര്യങ്ങളെല്ലാം ഏകദേശമൊരു back to normalcy phase ലും ആയി തുടങ്ങി. Denmark ലെ ‘count ‘ വളരേ കുറവായതിനാൽ മറ്റു neighbouring European countries ആയ Sweden, Switzerland, Germany എന്നിവയിലോട്ടുള്ള travel restrictions പ്രാബല്യത്തിൽ വന്നു. Borders എല്ലാം അടയ്ക്കപ്പെട്ടു. ഈ തീരുമാനങ്ങൾ എല്ലാം പലരേയും കാര്യമായി ബാധിച്ചു. പ്രിയപ്പെട്ടവരെ അകന്ന് ഇരിക്കുന്നതിലുള്ള വിഷമങ്ങളം, ചടങ്ങുകളിൽ പങ്കെടുക്കാൻ പറ്റാത്തതിലുള്ള ആവലാതിയും എല്ലാം സ്ഥിരമായി…

പിന്നീട്, ഒരു second wave എന്നവണ്ണം ഇവിടുത്തെ ‘count’ കൾ കൂടുവാൻ തുടങ്ങി. ആയതിനാൽ, park, road പോലുള്ള open area ൽ mask നിർബന്ധം അല്ല എങ്കിലും, കടകൾ പോലുള്ള indoor places, public transport എന്നിവയിൽ എല്ലാം mask നിർബന്ധമാക്കി! Denmark ലെ ഗ്രാമപ്രദേശമായ ‘Jutland’ ൽ വൻ തോതിൽ ‘കൃഷി’ ചെയ്തിരുന്ന ‘mink’ എന്ന മൃഗങ്ങളിൽ ‘mutated version of the virus’ കാണപ്പെട്ടു. കോടിക്കണക്കിനു mink കുകളെ കൊന്നൊടുക്കി. കാര്യങ്ങൾ സ്വല്പം വഷളാകുന്നു…

Danish ക്ലാസിലെ break ന് ഇടയിൽ ഈ വക കാര്യങ്ങളെല്ലാം ഞങ്ങൾ ചർച്ച ചെയ്തു. ആവലാതികൾ പങ്കുവയ്ക്കുന്നതിന് ഇടയിൽ Switzerland കാരിയായ ഒരു ക്ലാസ്മേറ്റ് പെട്ടന്ന് പറഞ്ഞു – “I know, I shouldn’t be happy…, but still, I can’t help myself being happy about it….!!” ങേ!! ഇങ്ങനേം മനുഷ്യരുണ്ടോ? Happy ആകുന്നതിനെ പറ്റിയും ആകുലപ്പെടുന്നവർ ?? അതും, ഇതുപോലൊരു കാലഘട്ടത്തിൽ! എന്തിനാണാവോ അങ്ങനെ ഒരു ആവലാതി എന്ന് ചിന്തിച്ചിരുന്നപ്പോൾ, ഉടനേ കിട്ടി അതിനുള്ള ഉത്തരം. ‘ഇത്രയും നാൾ ഇവിടെ count കുറവും, Switzerland ൽ count കൂടുതലും ആയതിനാൽ അങ്ങോട്ടുള്ള borders ഒക്കെ അടച്ചു ഇട്ടിരിക്കുകയായിരുന്നു. ഇപ്പോൾ ഇവിടെ count കൂടി, അതിനാൽ border restriction മാറ്റി. അതു കൊണ്ട് തന്നെ, switz ൽ ഉള്ള തൻ്റെ boy friend ന് തന്നെ ഇവിടെ വന്ന് visit ചെയ്യുവാൻ സാധിക്കും! I am sooo happy about it !! ‘ എന്ന്!!! ഇപ്പോൾ പിടികിട്ടി. ഇങ്ങനേം ഉണ്ട് ചില സന്തോഷങ്ങൾ… സന്തോഷിക്കാൻ ഓരോരോ കാരണങ്ങളേ!!!

Neetha (03/12/2020)

My Denmark Chronicles – Part 2. (ഒരു സൈക്കിൾ സവാരി ! )

Cycling എന്നത് Denmark ൽ ഒരു life style ആണ്. ഒരു അഭിമാനവും, ജീവിതചര്യയും, ആരോഗ്യ പരിരക്ഷയും! അതിനാൽ തന്നെ ഇവിടുത്തെ ഒട്ടുമിക്ക ആളുകളും സൈക്കിൾ ചവിട്ടുന്നു. മഴയെന്നോ, മഞ്ഞെന്നോ, വെയിലെന്നോ ഒരു വ്യത്യാസമില്ലാതെ! Actually 63% of all members of the danish parliament, cycle to work daily! ഇതിനാലൊക്കെയാണ് ‘The cycling country’ എന്ന ഓമനപ്പേരിൽ Denmark അറിയപ്പെടുന്നതും! എവിടെ തിരിഞ്ഞു നോക്കിയാലും കാണും ഒരു സൈക്കിൾ! ഒട്ടുമിക്ക റോഡിൻ്റേയും ഇരുവശത്തും cycling നായി പ്രത്യേക side road കളും. കൊമ്പത്തെ ‘സൈക്ലൻമാർ’ മുന്നിലോട്ട് വളഞ്ഞിരുന്ന് ‘jet’ പോലെ പായുന്നത് ഇവിടെ ഒരു സാധാരണ കാഴ്ച മാത്രം. ‘If you are not careful, you could even get killed by a cycle in Denmark’ എന്ന്  ഇവിടെ വരുന്ന tourists പറയുന്നതിൽ അതിശയോക്തിയില്ല. Cycling ൻ്റെ ഈ ഒരു ഹരം കൊണ്ടു തന്നെ, ഇവിടുത്തെ സൈക്കിളിൻ്റെ ‘വില’യും നല്ല തലയെടുപ്പോടെ തന്നെ നിൽക്കുന്നു. പൊതുവേ കള്ളവും ചതിയുമെല്ലാം വളരെ കുറഞ്ഞു നിൽക്കുന്ന ഈ രാജ്യത്തെ ഏറ്റവും വലിയ ഒരു കളവുമുതലും സൈക്കിൾ തന്നെ!

‘When in Rome, be a Roman’ എന്നല്ലേ? Denmark ൽ വന്ന് ഒരു വർഷം കഴിഞ്ഞപ്പോൾ തന്നെ, ഒത്തു കിട്ടിയ ഏറ്റവും നല്ല ഒരു ശുഭമുഹൂർത്തത്തിൽ ഞങ്ങളും വാങ്ങി രണ്ട് കിടിലൻ സൈക്കിൾ; ഒന്ന് അപ്പയ്ക്കും, മറ്റൊന്ന് അമ്മയ്ക്കും. കൊച്ച് കുട്ടികളെ പുറകിൽ ഇരുത്താൻ പറ്റിയ ‘child seat’ പിടിപ്പിച്ച രണ്ടെണ്ണം!! സൈക്കിൾ സീറ്റിന് സ്വൽപം പൊക്കം കൂടിയതിനാൽ അമ്മയ്ക്ക് cycling ന് ഒരു starting trouble. ചവിട്ടി, ചാടി കയറി ഇരിക്കണ്ടേ! എങ്കിലും, തരക്കേടില്ലാത്ത കാലാവസ്ഥയുള്ള ഒരു ദിവസം നോക്കി, ധൈര്യം സംഭരിച്ച്, പിള്ളേരെയും പിന്നിൽ ഇരുത്തി സകുടുംബം ഒരു വൻ സവാരി നടത്തി! ആ ഒരു ഒന്നൊന്നര സവാരിക്കു ശേഷം ‘വണ്ടി’ കട്ടപ്പുറത്തായി! മഴയായി, തണുപ്പായി, നാട്ടിൽ പോക്കായി,… സൈക്കിൾ ചവിട്ടാതിരിക്കാൻ ഓരോരോ കാരണങ്ങൾ! ഇവിടെ cycling ന് പറ്റിയ ഏറ്റവും നല്ല സമയം summer vacation time ആയ June-July മാസമാണ്. ആ സമയത്ത് എപ്പോഴും ഞങ്ങൾ ‘India’ യിലും. തിരിച്ചു വരുമ്പോൾ ഇവിടെ തണുപ്പ് തുടങ്ങും. പിന്നെ എങ്ങനെ വീണ്ടും cycle ൽ ഹരിശ്രീ കുറിക്കും? സംശയമില്ല, മനസ്സു കൊണ്ട് ഞങ്ങൾ ഇന്ത്യൻ തന്നെ! മൂന്ന് വർഷം തൊടാതെ വച്ചിരുന്ന സൈക്കിളിനെ നോക്കി ഇടയ്ക്ക് ഞങ്ങൾ നെടുവീർപ്പിട്ടു. Denmark ൽ ഇങ്ങനെ ഇരിക്കേണ്ടി വന്ന ആ cycle ൻ്റെ ഒരു അവസ്ഥ!! ഇടയ്ക്ക്,വേരു മുളച്ചോ എന്ന് പോലും സംശയിക്കുമാറ് ഒരു ‘creeper’ അതിൽ ചുറ്റി വളർന്നു. അത് പറിച്ചു മാറ്റവേ, ഉപയോഗമില്ലാതെ ഇരിക്കുന്ന ഈ സൈക്കിൾ ഒന്ന് വിറ്റാലോ എന്ന് പോലും ചിന്തിച്ചു. സൈക്കിൾ കട്ടപ്പുറത്തും, സവാരി public transport ലുമായി തുടർന്നു പോന്നു.

അങ്ങനെയിരിക്കേ ഞങ്ങളുടെ സൈക്കിളിനു ശാപമോക്ഷമായി വന്നെത്തി ഒരു ‘കൊറോണ’! Europe ലെ public transport ൻ്റെ സുഖസൗകര്യങ്ങൾ ആശ്രയിച്ച് കഴിഞ്ഞവരോടൊക്കെ സാധിക്കുമെങ്കിൽ മറ്റ് options choose ചെയ്യാൻ ഉള്ള ആഹ്വാനവുമെത്തി. ഉടനേ എത്തി മറ്റൊരു summer vacation നും. ഞങ്ങളുടെ നാട്ടിൽ പോക്കും മുടങ്ങി. വിരളമായി ലഭിക്കുന്ന ഈ നല്ല കാലാവസ്ഥയിൽ, ഒരു സൈക്കിൾ സവാരി നടത്തിയാലെന്ത് എന്ന് വീണ്ടും ഒരു തോന്നൽ. പൊടിപിടിച്ച്, കാറ്റും പോയി കിടന്ന cycle എടുത്ത് repair ചെയ്യാനായി കടയിലോട്ട് വച്ചു പിടിച്ചു. പിള്ളേർക്കും വാങ്ങി രണ്ടു നല്ല സൈക്കിൾ. പിന്നീടങ്ങോട്ട് സൈക്കിളിന് ചിറക് വെച്ചു എന്നു തന്നെ പറയാം. ടയറിനു പകരം ചിറക്. From roots to wings !! എല്ലാ യാത്രയും സൈക്കിളിൽ. അപ്പയുടെ ഓഫീസ് യാത്ര പോലും ഒരു മണിക്കൂർ നീണ്ട സൈക്കിൾ സവാരി! School reopen ചെയ്തപ്പോൾ സ്കൂളിൽ പോക്കും സൈക്കിളിൽ തന്നെ!! School ൽ കൊണ്ടാക്കാനും, തിരികെ കൊണ്ടുവരാനും cycle ൽ escort ആയി അമ്മയോ അപ്പയോ കൂടെയും!

അങ്ങനെയിരിക്കേ ദാ വന്നു അമ്മയുടെ danish പഠനം. വീണ്ടും മറ്റൊരു സൈക്കിൾ സവാരി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. Google map നോക്കി പോകേണ്ട route ഒക്കെ പഠിച്ചുവെച്ചു. ‘Osterport – Norreport’ lake ൻ്റെ ഇരുവശങ്ങളിലുമുള്ള cycling road ലൂടെ പോകുന്നതാണ് ഏറ്റവും നല്ല shortcut. Lake ൻ്റെ ഒരു വശത്ത് cycling ആളുകൾക്ക് road cross ചെയ്യാതെ സൗകര്യമായി യാത്ര ചെയ്യാനായി, subway യിലൂടെയുള്ള cycling path. എന്നാൽ lake ൻ്റെ മറുവശത്ത്, road crossing signal ഒക്കെയുള്ള സാധാരണ cycling path. Subway യിലൂടെ ധാരാളം പേർ സൈക്കിൾ ചെയ്യുന്നതിനാൽ, തിരക്കു കുറഞ്ഞ സാധാരണ വഴിയാണ് ഞാൻ എൻ്റെ യാത്രക്കായി തിരഞ്ഞെടുത്തത്. അപ്പുറത്ത് subway വഴി ഉള്ളതിനാലാവാം ഇവിടുത്തെ signal duration വളരെ കുറവാണ് എന്നു മാത്രം.

സ്വയം തിരഞ്ഞെടുത്ത സ്ഥിര വഴിയിലൂടെ, ആഴ്ചയിൽ രണ്ടു തവണ മറ്റൊരു സൈക്കിൾ സവാരി. അങ്ങനെയുള്ള ഒരു സവാരി ദിനത്തിൽ ആഞ്ഞു വീശുന്ന കാറ്റിനെതിരേ ആഞ്ഞു ചവിട്ടി സൈക്കിളിൽ പോകവേ, മേലെ ആകാശത്തോട്ട് ഒന്ന് നോക്കി. ഉടനേ ഒരു മഴ പ്രതീക്ഷിക്കാം. വേഗം എത്തണം; വീണ്ടും ആഞ്ഞു ചവിട്ടി. നാൽകവലയിലുള്ള (+ shape ലുളള) ഒരു crossing ൽ എത്തിയപ്പോൾ കണ്ടത് പച്ച signal. പകുതി cross ചെയ്ത്, നടുക്കുള്ള divider ൻ്റെ അടുത്ത് എത്തിയപ്പോൾ പച്ച മാറി മഞ്ഞ ആയി. Yellow അല്ലേ, Red അല്ലല്ലോ എന്നോർത്ത് നിർത്താതെ വീണ്ടും മുന്നോട്ട് പോകവേ, ദാ signal Red! പൊതുവേ എല്ലാരും തന്നെ traffic signal follow ചെയ്യുന്നതിനാൽ റോഡിൽ നോക്കാതെ signal മാത്രം നോക്കി ഉടനേ start ചെയ്തു opposite direction ൽ പോകുന്ന അനേകം ‘സൈക്ലൻമാർ’. പണി പാളി !!! ദൈവമേ.. എന്ന് വിളിച്ച്,നേരെ ചെന്ന് എതിർവശത്തോട്ട് പോകുന്ന ഒരു പയ്യൻ സായിപ്പിൻ്റെ സൈക്കിളിൻ്റെ പുറകിലത്തേ wheel നിട്ട് ഒരൊറ്റ ഇടി! ഇടി കൊണ്ടിട്ടും, പയ്യൻസ് ഒരു balance ൽ, വീഴാതെ road cross ചെയ്ത്, അപ്പുറത്ത് നിന്ന് നോക്കിയപ്പോൾ, ദാ വന്നിടിച്ച വ്യക്തി സൈക്കിളുമായി താഴെ കിടക്കുന്നു! തെറിച്ചു പോയ bag പെറുക്കി എടുത്ത് cycle ൽ വെയ്ക്കവേ മറ്റൊരു ഓർമ്മ മനസ്സിൽ തെളിഞ്ഞു. Indian സുഹൃത്തിൻ്റെ നാലാം ക്ലാസുകാരൻ പുത്രൻ്റെ cycle ഇടിച്ചപ്പോൾ, മറ്റു കുഴപ്പങ്ങൾ ഒന്നും ഇല്ലാതിരുന്നിട്ടും police നെ വിളിച്ച spectators! ദൈവമേ, ഈ കണ്ടു നിൽക്കുന്നവർക്ക് ആർക്കും അങ്ങനെ ഒരു ‘നല്ല ബുദ്ധി’ തോന്നല്ലേ… ചാടി എണീറ്റ്, റോഡിനപ്പുറത്ത് എന്നെ നോക്കി നിൽക്കുന്ന, ഞാൻ ഇടിച്ച പയ്യനെ നോക്കി, ചിരിച്ചു കൊണ്ട്, കൈ പൊക്കി കാണിച്ചു. “നിങ്ങൾ ഒന്നു കൊണ്ടും പേടിക്കേണ്ട, ധൈര്യമായി പൊയ്ക്കോളൂ… ഞാനല്ലേ പറയുന്നത്, ഒരു കുഴപ്പവുമില്ല, ഇടിച്ച എനിക്ക് ഒരു കുഴപ്പവുമില്ല…” എന്ന് സമാധാനിപ്പിക്കും പോലെ!! വീണു കിടക്കുന്ന എന്നെ നോക്കി, ‘Er du ok?’ എന്ന് danish ൽ ചോദിച്ച മദാമ്മയെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ, cycle ൽ ചാടിക്കേറി, എല്ലാം ok എന്ന് പറയും വിധം കൈ പൊക്കി കാണിച്ച് അതിവേഗം ക്ലാസിലോട്ട് തിരിച്ചു!!

Neetha (20-11-2020)

My Denmark Chronicles–Part 1. (Danish വിദ്യാരംഭം!)

Denmark ലെ പ്രവാസജീവിതം അഞ്ചാം വർഷത്തിലോട്ട് അടുക്കുമ്പോൾ, ഉറങ്ങിക്കിടന്ന ‘Danish’ ഭാഷാ പഠനമോഹം പൊടി തട്ടിയെടുത്ത്, ധൈര്യം സംഭരിച്ച് ഒരു language ക്ലാസിൽ join ചെയ്യാൻ തീരുമാനിച്ചു. Course joining ന് മുന്നോടിയായി നടത്തിയ evaluation interview ൽ ചോദിച്ചതാകട്ടെ English Grammar ചോദ്യങ്ങളും! ഒരു നിമിഷം conjunction നും, preposition നുമൊക്കെ എന്തെന്ന് ഒന്ന് ‘ബ്ലിക്കസാ’ അടിച്ചുവെങ്കിലും, സാമാന്യം തരക്കേടില്ലാതെ തന്നെ ആ ചെറിയ കടമ്പ കടന്നു. എങ്കിലും പെട്ടന്നുണ്ടായ ഒരു തപ്പലിൻ്റെ ചമ്മലിൽ, ”ഇതൊക്കെ ചോദിക്കുമെന്ന് നേരത്തേ അറിഞ്ഞിരുന്നേൽ ഒന്ന് നോക്കിയിട്ട് വരാമായിരുന്നു ..ആ.. എങ്കിലും കുഴപ്പമില്ല” എന്നൊക്കെ സ്വയം പറഞ്ഞ് ആശ്വസിച്ചു. ഉടനേ തന്നെ interviewer പറഞ്ഞു – “നിങ്ങൾ നന്നായി perform ചെയ്തു. പൊതുവേ Indians ൻ്റെ English പരിജ്ഞാനം വളരേ നല്ലതാണ്. കാരണം നിങ്ങളെല്ലാവരും school ൽ English പഠിക്കുന്നുണ്ടല്ലേ?” വളരേ ആശ്ചര്യത്തോടെ അവർ പറഞ്ഞതൊക്കെ കേട്ടതിന് ഒടുവിൽ ഒരു കാര്യം എനിക്ക് വ്യക്തമായി. ‘Foreigners’ ൻ്റെയെല്ലാം English വളരെ നല്ലതാണ് എന്നത് നമ്മുടെയൊക്കെ ഒരു തെറ്റിദ്ധാരണ മാത്രമാണ്! Europe ലെ പലർക്കും English തീരെ അറിയില്ല; എന്നാൽ German, Swedish തുടങ്ങിയ മറ്റു പല european languages അറിയുകയും ചെയ്യാം! എന്തായാലും interview & evaluation ഒക്കെ കഴിഞ്ഞ്, വളരേ fast track ൽ danish പഠിപ്പിക്കുന്ന ‘PD3’ എന്ന danish course ൽ join ചെയ്യാൻ എന്നെ പ്രേരിപ്പിച്ചു. പിന്നീട് എപ്പോഴെങ്കിലും training കടുപ്പമാണ് എന്ന് തോന്നിയാൽ slow track ലോട്ട് വേണമെങ്കിൽ മാറാം എന്ന ഉറപ്പ് കിട്ടിയതോടെ ഞാൻ class ൽ join ചെയ്തു. ഏകദേശം 20 പേർ അടങ്ങുന്ന ക്ലാസിൽ ഞങ്ങളെ പഠിപ്പിക്കാൻ എത്തിയത് ‘Jorun’ എന്ന് പേരുള്ള ഒരു danish lady teacher. ആഴ്ചയിൽ രണ്ടു ദിവസമുള്ള ക്ലാസും ടീച്ചറേയുമെല്ലാം എനിക്ക് നന്നേ ബോധിച്ചു. Germany, Switzerland, Nepal, India, Sweden, USA, Bangladesh, Estonia തുടങ്ങിയ നിരവധി രാജ്യങ്ങളിൽ നിന്നുള്ള വിദ്ധ്യാർത്ഥികൾ,… പകുതിയിൽ അധികം മുപ്പത് വയസു പോലും തികയാത്ത കോളേജ് വിദ്യാർത്ഥികൾ!! Classroom ambience & ചെറുപ്പക്കാരായ സഹപാഠികളുമെല്ലാം അടിപൊളി. വീണ്ടും ചെറുപ്പമായ ഒരു feel. ആകെയുള്ള പ്രശ്നം danish ഭാഷ തന്നെ!! അത് പഠിക്കാൻ ആണല്ലോ വന്നിരിക്കുന്നതും. 

Alphabets എല്ലാം ഇംഗ്ലീഷിലേത് തന്നെ. Extra ഒരു മൂന്നെണ്ണം കൂടി ഉണ്ട് എന്നുമാത്രം. പക്ഷേ english ലെ ‘K’ യെ ‘കു’ എന്നും, ‘H’ നെ ‘ഹു’ എന്നും, ‘J’ യെ ‘യൊൾ’ എന്നുമൊക്കെയാണ് പറയേണ്ടത്. കൂട്ടത്തിൽ വില്ലൻ ‘D’ ആണ്. ചിലപ്പോൾ ‘ഡി’ എന്നും മറ്റു ചിലപ്പോൾ ‘എൽ’ എന്നും പറയേണ്ടി വരും. ഒരൊറ്റ വാക്കിൽ വരുന്ന പല ‘d’ യെ പല രീതിയിൽ handle ചെയ്യണം. പലപ്പോഴും ഒട്ടുമിക്ക ‘d’യും silent ഉം ആണ്! എഴുതുമ്പോൾ ഇവയെല്ലാം വേണം താനും, എന്നാൽ പറയുമ്പോൾ അവയെ അവഗണിക്കുകയും വേണം!!

ആദ്യത്തെ കുറച്ച് ക്ലാസുകൾ കഴിഞ്ഞപ്പോൾ തന്നെ ഒരു കാര്യം വ്യക്തമായി. കുറച്ച് കഷ്ടപ്പെട്ടാലേ കാര്യം നടക്കൂ. Indian ഭാഷകളിൽ, പ്രത്യേകിച്ച് മലയാളത്തിൽ, നമ്മൾ പരിശീലിച്ചിരിക്കുന്നത് വാക്കുകൾ ഉച്ചരിക്കുമ്പോൾ നാവ് വായുടെ മുകൾ ഭാഗത്ത് മുട്ടണം എന്നാണ്. (ൾ, ൻ എന്നൊക്കെ). എന്നാൽ danish ഉച്ചാരണത്തിൽ നാവ് താഴത്തെ നിരയിലെ പല്ലിന് പുറകിലാണ് മിക്കവാറും. വഴങ്ങാത്ത Indian നാവിനെ european രീതിയിലേക്ക് പരിശീലിപ്പിച്ചെടുക്കുക എന്നതും സ്വൽപം ശ്രമകരം തന്നെ. എങ്കിലും ക്ലാസിൽ ശ്രദ്ധിച്ചിരുന്നും, സംശയങ്ങൾ ചോദിച്ചുമെല്ലാം പഠനശ്രമം തുടർന്നു. പഠിപ്പിക്കുന്നതെല്ലാം പിടികിട്ടുമെങ്കിലും, ഡാനിഷ് ചോദ്യങ്ങൾക്ക് മുന്നിൽ മനസ്സ് ഒരു blank paper ആയി,… ഉത്തരങ്ങൾ ‘ബ..ബ..ബ’ യുമായി. കുറച്ച് ക്ലാസുകൾ ഇതേ കഥ തുടർന്നപ്പോൾ എനിക്ക് ഒരു മ.ബു.(മന്ധബുദ്ധി) image ആണോ class ൽ എന്ന് സ്വയം ഒരു സന്ദേഹം. പിന്നെ മടിച്ചു നിന്നില്ല. Image മാറ്റാനുള്ള ശ്രമങ്ങൾ ആയി. രണ്ടാമത്തെ class കഴിഞ്ഞ് ടീച്ചർ തന്ന homework ഓർമ്മയിൽ വന്നു. ‘പേര്.. came from India… ഇവിടെ ഇത്ര വർഷമായി…’ എന്ന രീതിയിലാണ് അന്ന് intro എഴുതി പിടിപ്പിച്ചത്. ഇത്തവണ self image മാറ്റാൻ മറ്റൊരു intro, google translate ൻ്റെ സഹായത്തോടെ എഴുതി പിടിപ്പിച്ചു. “Jeg har en kandidatgrad i computerapplikation.” അതേ, അതു തന്നെ.. വിവരവും വിദ്യാഭ്യാസവും ഒക്കെ ഉള്ളതാ.. പ്രത്യക്ഷത്തിൽ ഇല്ലേലും. “I have a masters in computer application.” എന്നു intro ൽ എഴുതാൻ മറന്നില്ല. Script റെഡി. ഇനി ഇത് പ്രയോഗിക്കാനുള്ള ഒരു അവസരത്തിനായി കാത്തിരിക്കുന്നു!!! പ്രതീക്ഷയോടെ…!

– Neetha (10/11/2020)


(Epilogue: അഞ്ചാറ് ക്ലാസുകൾക്ക് ശേഷം ഡാനിഷ് ചോദ്യങ്ങൾക്ക് എന്തെങ്കിലും ഒരു ഉത്തരം നൽകാനുള്ള ധൈര്യം & gyan ഞാൻ കരസ്തമാക്കി!)